പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിന് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പട്ടണമാണ് പെരുമ്പാവൂര്‍. 1953 ജനുവരി 1- മുതല്‍ ഒരു മുനിസിപ്പല്‍ പട്ടണമായി പെരുമ്പാവൂര്‍ ഉയര്‍ത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യര്‍ ചെയര്‍മാനായ ഭരണസമിതിയായിരുന്നു. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടസ്ഥലമാണ് പെരുമ്പാവൂര്‍. എറണാകുളത്തു നിന്ന് 38 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം.വടക്ക്: രായമംഗലം, കൂവപ്പടി പഞ്ചായത്തുകള്‍, തെക്ക്:വേങ്ങോല പഞ്ചായത്ത്, പടിഞ്ഞാറ്: വാഴക്കുളം പഞ്ചായത്ത്, കിഴക്ക് കോതമംഗലം എന്നിവയാണ് നഗരസഭയുടെ അതിരുകള്‍. താരതമ്യേന നിരപ്പായ ഭൂപ്രകൃതിയാണ് ഈ പട്ടണത്തിനുളളത്. സമതല പ്രദേശവും, താഴ്വരകളും, കുന്നിന്‍ പുറങ്ങളും അടങ്ങിയതാണ് ഈ മുനിസിപ്പാലിറ്റി പ്രദേശം.ഇരിങ്ങോള്‍ കാവും ധര്‍മ്മ ശാസ്താ ക്ഷേത്രവും പുലക്കോട്ട് ശാസ്ത്രാക്ഷേത്രവും, കലാഗ്രാമവും, ഒട്ടനവധി കാവുകളും ടൌണ്‍ ജുമാ മസ്ജിദും, സെന്റ് തെരേസാസ് പളളിയും, കൂടാതെ ഒട്ടനവധി മുസ്ളീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ഈ നഗരസഭ പരിധിയില്‍ നിലകൊള്ളുന്നു.ശ്രീ ശങ്കരന്റെ ജന്മ സ്ഥലമായ കാലടി, മലയാറ്റൂര്‍, സെന്റ് തോമസ് പളളി, കോടനാട് ആന പരിശീലന കേന്ദ്രം, ചേലമറ്റം കൃഷ്ണസ്വാമി ക്ഷേത്രം, ചുവര്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ധികേട്ട വല്ലം സെന്റ് തെരേസാസ് പളളി, ഇരിങ്ങോട്ടു വനം, കല്ലില്‍ ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താന്‍ കെട്ട്, കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നിവ അനവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.